2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നിരാഹാരം അവസാനിപ്പിച്ചു





ന്യൂഡല്‍ഹി: സുശക്തമായ ജനലോക്പാല്‍ ആവശ്യപ്പെട്ട് പന്ത്രണ്ട് ദിവസമായി നടത്തുന്ന ഉപവാസം ഗാന്ധിയന്‍ അണ്ണ ഹസാരെ അവസാനിപ്പിച്ചു. കുട്ടികളായ സിമ്രാനും ഇക്രയും ചേര്‍ന്ന് നല്‍കിയ ഇളനീര് കുടിച്ചാണ് ലോകമെമ്പാടും മാധ്യമശ്രദ്ധ നേടിയ നിരാഹാര സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഹസാരെയെ വിദഗ്ദ്ധ പരിശോധനകള്‍ക്കായി ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റി ആസ്പത്രിയിലേക്ക് മാറ്റി.

ഹസാരെയുടെ നേതൃത്വത്തില്‍ പൊതുസമൂഹം മുന്നോട്ടുവെച്ച മൂന്ന് ഉപാധികള്‍ അംഗീകരിക്കാന്‍ പാര്‍ലമെന്റ് പൊതുധാരണയിലെത്തിയതോടെയാണ് നിരാഹാരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിച്ചത്. രാംലീലാ മൈതാനത്തേക്ക് പ്രവഹിച്ച ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഹസാരെ ശനിയാഴ്ച രാത്രി തീരുമാനം പ്രഖ്യാപിച്ചത്. അതോടെ രാംലീലമൈതാനത്ത് ത്രിവര്‍ണപതാകകള്‍ കടലലകള്‍ തീര്‍ത്തു.

പ്രധാനമന്ത്രിയുടെ സന്ദേശവുമായി എത്തിയ മന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ സാന്നിധ്യത്തില്‍ എല്ലാവരും ദേശീയഗാനം പാടി സമരപരിപാടികള്‍ക്ക് വിരാമമിട്ടു. അഴിമതി തടയാന്‍ ലക്ഷ്യമിടുന്ന ലോക്പാലിന്റെ പരിധിയില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപവത്കരിക്കുക, ജനങ്ങളുടെ അവകാശപ്പത്രിക എല്ലാ വകുപ്പുകളിലും പ്രസിദ്ധീകരിക്കുക എന്നീ ഉപാധികളായിരുന്നു അണ്ണ ഹസാരെ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ അവസാനനിമിഷംവരെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍, മൂന്നു തര്‍ക്ക വിഷയങ്ങളില്‍ തത്ത്വത്തില്‍ ധാരണ ഉള്ളതായി കാണുന്നുവെന്ന് സഭാനേതാവ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യവും സഭയില്‍ നടന്ന ചര്‍ച്ചയുടെ പൂര്‍ണരൂപവും ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൈമാറും. അവയെല്ലാം പരിശോധിച്ച് ലോക്പാല്‍ ബില്‍ ഉചിതസമയത്ത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി അവര്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ശബ്ദവോട്ടില്ലാതെ സഭ ഐകകണേ്ഠ്യന അദ്ദേഹത്തിന്റെ പ്രഖ്യാപനം കൈയടിച്ച് അംഗീകരിക്കുകയായിരുന്നു. കൈയടിച്ച് പാസാക്കിയത് സഭയുടെ പൊതുവികാരത്തിന്റെ ലക്ഷണമാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് അഭിപ്രായം പറഞ്ഞുകഴിഞ്ഞുവെന്നും പാര്‍ലമെന്റിന്റെ വികാരം ജനങ്ങളുടെ വികാരമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു. ഉപാധികള്‍ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചതും അവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാത്രി തന്നെ ഹസാരെയെ രേഖാമൂലം അറിയിച്ചു.

കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖ് നേരിട്ടുചെന്നാണ് പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറിയത്. സമരവേദിയില്‍വെച്ച് പാര്‍ലമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തില്‍ ഹസാരെയും കൂട്ടരും സന്തുഷ്ടി രേഖപ്പെടുത്തി. ജനങ്ങളും പാര്‍ലമെന്റും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് തുറന്നതെന്ന് ഹസാരെ സംഘത്തിലെ പ്രമുഖനായ മുന്‍ കേന്ദ്രമന്ത്രി ശാന്തിഭൂഷണ്‍ പറഞ്ഞു. പാര്‍ലമെന്റ് അവസരത്തിനൊത്ത് ഉയര്‍ന്ന് ഇത്തരത്തില്‍ പ്രതികരിച്ചത് ജനാധിപത്യത്തിന്റെ മനോഹാരിതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഇതുവരെ ഉറച്ച നിലപാട് എടുക്കാതിരുന്ന പാര്‍ട്ടികളില്‍ പലതും ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ പൗരസമൂഹത്തിന്റെ മൂന്ന് ഉപാധികളോട് പൊതുവില്‍ യോജിക്കുന്നതാണ് കണ്ടത്. അതേസമയം വ്യത്യസ്ത സ്വരങ്ങളും ഉയര്‍ന്നു. വോട്ടെടുപ്പ് നടന്നാല്‍ സഭയില്‍ ഒരു പക്ഷേ, ഭിന്നത പുറത്തുവരുമായിരുന്നു. ഹസാരെയുടെ ഉപവാസം അവസാനിപ്പിക്കേണ്ടത് സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം അനിവാര്യമായതിനാല്‍ ശബ്ദവോട്ട് ഒടുവില്‍ വേണ്ടെന്നുവെച്ചു.

ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രമേയം വോട്ടിനിട്ട് പാസാക്കണമെന്ന് ഹസാരെയും കൂട്ടരും ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ യോജിപ്പുണ്ടായില്ല. ഇരുസഭകളിലും ചര്‍ച്ച നടക്കുന്നതിനിടയില്‍ ഹസാരെ സംഘത്തിന്റെ പ്രതിനിധികളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ പാര്‍ലമെന്റ് ഹൗസിലെത്തി മന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. പ്രമേയം വോട്ടിനിട്ട് പാസാക്കുന്നതിനുള്ള ബുദ്ധിമുട്ട് മന്ത്രി മുഖര്‍ജി ഇരുവരെയും ബോധ്യപ്പെടുത്തി.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടി നേതാക്കളും ഉപവാസം അവസാനിപ്പിക്കാന്‍ ഹസാരെയോട് അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ഒന്നടങ്കം അഴിമതികൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും അതിന്റെ പ്രതിഫലനമാണ് ഹസാരെയുടെ നേതൃത്വത്തില്‍ പൗരസമൂഹം നടത്തുന്ന പോരാട്ടമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമം പാസാക്കുന്നതില്‍ പാര്‍ലമെന്റിനുള്ള അപ്രമാദിത്വവും ഭരണഘടനയുടെ പരിപാവനത്വവും എല്ലാവരും എടുത്തുപറഞ്ഞു. പാര്‍ലമെന്റിന്റെയും രാഷ്ട്രീയനേതാക്കളുടെയും വിലയിടിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ ശക്തമായ ഭാഷയില്‍ പലരും പ്രതികരിച്ചു.

അണ്ണ ഹസാരെയുടെ ലക്ഷ്യത്തോട് യോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള ചിലര്‍ നടത്തിയ പരാമര്‍ശങ്ങളെ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. മൊത്തം 27 അംഗങ്ങള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു. പലപ്രാവശ്യം അവതരിപ്പിച്ചിട്ടും 40 വര്‍ഷത്തിനിടയില്‍ ഇതുവരെ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാഞ്ഞതിലുള്ള രോഷമാണ് അണ്ണ ഹസാരെയുടെ ഉപവാസ സമരത്തിലൂടെ പ്രകടമായതെന്ന് സഭാനേതാവ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. സജീവമായ ജനാധിപത്യമാണ് നമ്മുടേത്.

അതുകൊണ്ടുതന്നെ എല്ലാം കീഴ്‌വഴക്കപ്രകാരം നടക്കണമെന്ന നിര്‍ബന്ധം പാടില്ല. പൗരസമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി കരട് ബില്‍ തയ്യാറാക്കാനുള്ള സമിതി രൂപവത്കരിച്ചത് അതുകൊണ്ടാണ്. എന്നാല്‍, ആ ശ്രമം വിജയിച്ചില്ല. ഹസാരെയുടെ ഉപവാസവും അതിന്പിന്നിലുള്ള വികാരവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. സഭയില്‍ നടന്ന ചര്‍ച്ചയുടെ വികാരവും അതാണ്. ഭരണഘടനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലില്ല. വിവിധ ചിന്താധാരകള്‍ ഉള്‍ക്കൊള്ളാനുള്ള രൂപഘടനയാണ് നമ്മുടെ ഭരണഘടനയ്ക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോളിവുഡ് താരം ആമിര്‍ഖാന്‍ രാംലീലയിലെത്തിയത് അണികളില്‍ ആവേശമുണ്ടാക്കി. പ്രസംഗിച്ചും പാട്ടുപാടിയും അനുയായികളെ കൈയിലെടുത്താണ് ആമിര്‍ഖാന്‍ മടങ്ങിയത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രാംലീലയിലെ സമരവേദിയില്‍ അണ്ണ ഹസാരെയ്‌ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചു. സമരപ്പന്തലില്‍ സമ്മേളിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന വാക്കുകളിലായിരുന്നു ആമിറിന്റെ പ്രസംഗം.

നിര്‍മാതാവ് രാജ്കുമാര്‍ ഹിറാനിക്കൊപ്പമാണ് നടന്‍ വേദിയിലെത്തിയത്. '' ആമിര്‍ഖാന്‍ വരുമെന്ന് വെള്ളിയാഴ്ച തന്നെ ഞാന്‍ അറിയുമായിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളെയും ഞാന്‍ വിവരമറിയിച്ചു. ആമിര്‍ യഥാര്‍ഥ ഹീറോയായതിനാലാണ് ഇവിടെ വന്ന് അണ്ണയ്ക്ക് പിന്തുണ നല്‍കിയത്''- എം. ബി. എ. വിദ്യാര്‍ഥിയായ വിഗ്‌നേശ് സഹായ് പറഞ്ഞു. സമരത്തില്‍പങ്കെടുക്കുന്നതോടൊപ്പം ആമിര്‍ഖാനെ കാണാന്‍ വേണ്ടി ക്കൂടിയാണ് താന്‍ ഇവിടെ വന്നതെന്ന് ഡി. യു.വില്‍ വിദ്യാര്‍ഥിയായ സ്വാസ്തി പറഞ്ഞു.

http://www.youtube.com/watch?feature=player_embedded&v=3Ho5-7sMHZY

2 അഭിപ്രായങ്ങൾ: