2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പിന്മാറ്റം തന്ത്രമെന്ന് സന്ദേശം; ഗദ്ദാഫിക്കായി തിരച്ചില്‍ തുടരുന്നു


ട്രിപ്പോളി: ലിബിയയുടെ തലസ്ഥാന നഗരിയും ഭരണ സിരാകേന്ദ്രമായ ബാബ് അല്‍ അസീസിയയും പിടിച്ചെടുത്ത വിമതസൈന്യം മുഅമര്‍ ഗദ്ദാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. താന്‍ ബാബ് അല്‍ അസീസിയ വിട്ടതായും ഇതൊരു തന്ത്രപരമായ നീക്കം മാത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ഗദ്ദാഫിയുടെ ഓഡിയോസന്ദേശം പുറത്തുവന്നു. ബാബ് അല്‍ അസീസിയയിലെ മുറികളും ബങ്കറുകളും അരിച്ചുപെറുക്കിയ വിമതസൈന്യം ഗദ്ദാഫിയോ കുടുംബാംഗങ്ങളോ അവിടെ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലിബിയയുടെ ഭാവി തീരുമാനിക്കുന്നതിന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി, യു.എ.ഇ. എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി വിമതനേതാക്കള്‍ ഖത്തറില്‍ ചര്‍ച്ച നടത്തി. തുര്‍ക്കിയിലെ ഇസ്താംബുളില്‍ വ്യാഴാഴ്ച മറ്റൊരു കൂടിയാലോചനായോഗവും നടക്കും. എട്ട് മാസത്തിനുള്ളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഗദ്ദാഫിക്ക് നീതിപൂര്‍വമായ വിചാരണയ്ക്ക് അവസരമൊരുക്കുമെന്നും വിമതരുടെ ദേശീയ പരിവര്‍ത്തന സമിതിയുടെ ചെയര്‍മാന്‍ മുസ്തഫ അബ്ദുള്‍ ജലീല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റോമിലെ ലാ റിപ്പബ്ലിക്ക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവിപരിപാടികളെപ്പറ്റി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്.

ഗദ്ദാഫി യുഗം അവസാനിച്ചെങ്കിലും ഒളിവിലുള്ള അദ്ദേഹത്തെയും മക്കളെയും പിടികൂടി വിചാരണ നടത്തിയാല്‍ മാത്രമേ ദൗത്യം അവസാനിക്കുകയൂള്ളൂവെന്ന് അബ്ദുള്‍ ജലീല്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു. രാജ്യമെങ്ങും വിമതസൈന്യവും ജനങ്ങളും ആഹ്ലാദ പ്രകടനങ്ങള്‍ തുടരുകയാണ്. ബാബ് അല്‍ അസീസിയയില്‍ പ്രവേശിച്ച വിമതപോരാളികള്‍ ഗദ്ദാഫിയുടെ പ്രതിമയും ഭരണകൂടത്തിന്റെ അടയാളങ്ങളായ സ്മാരകങ്ങളും മറ്റും തച്ചുതകര്‍ത്തിട്ടുണ്ട്. ഗദ്ദാഫിയുടെ മുറിയില്‍ പ്രവേശിച്ച് അദ്ദേഹത്തിന്റെ തലപ്പാവ് സ്വന്തമാക്കിയാണ് ഒരു വിമത സൈനികന്‍ പുറത്തുവന്നത്.

ട്രിപ്പോളിയില്‍ സര്‍ക്കാര്‍സേനയുടെ ചെറുത്തുനില്പ് കാര്യമായില്ലെങ്കിലും തെക്കന്‍ നഗരമായ സബയില്‍ പോരാട്ടം തുടരുകയാണ്. സുവാര, അജ്‌ലാത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നതായി അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇനിയും മാസങ്ങളോളം ചെറുത്തുനില്‍പ്പ് തുടരാന്‍ ഗദ്ദാഫിക്കും സൈന്യത്തിനും കരുത്തുണ്ടെന്ന് ലിബിയയുടെ വാര്‍ത്താവിതരണ മന്ത്രി മൂസ ഇബ്രാഹിം പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശശക്തികളുടെ കാല്‍ക്കീഴില്‍ ലിബിയയെ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വതത്തിന്റെ അവസ്ഥയില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിജയം അല്ലെങ്കില്‍ മരണം വരെ താന്‍ പോരാടുമെന്ന് ഓഡിയോ സന്ദേശത്തില്‍ ഗദ്ദാഫി പറഞ്ഞിട്ടുണ്ട്. ട്രിപ്പോളിയിലൂടെ താന്‍ വേഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, വിമതദൗത്യം ഏറെക്കുറെ പൂര്‍ണമാവുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കാലതാമസമെടുക്കുകയും ചെയ്യുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന ആശങ്ക പരക്കുന്നുണ്ട്. വിമതസേനയിലെ പ്രാദേശിക കമാന്‍ഡര്‍മാരെ ഉള്‍പ്പെടുത്തി താത്കാലിക സുരക്ഷാസേന രൂപവത്കരിക്കുമെന്ന് ദേശീയ പരിവര്‍ത്തന സമിതി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ പ്രവര്‍ത്തന കേന്ദ്രം ബെന്‍ഗാസിയില്‍ നിന്ന് ട്രിപ്പോളിയിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും ഇതുവരെ പൂര്‍ണമായി നടപ്പായിട്ടില്ല.

പരിവര്‍ത്തന സമിതി ചെയര്‍മാനും ഗദ്ദാഫി സര്‍ക്കാറില്‍ നിയമമന്ത്രിയുമായ മുസ്തഫ അബ്ദുള്‍ ജലീല്‍ പുതിയ സര്‍ക്കാറിനെ നയിച്ചേക്കുമെന്നാണ് പൊതുവെ പ്രതീക്ഷ. എന്നാല്‍, സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് പലതവണ ആവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഭരണനേതൃത്വത്തിലേക്ക് വരാന്‍ താത്പര്യപ്പെടുമോ എന്ന സംശയമുണ്ട്. പരിവര്‍ത്തനസമിതിയുടെ കാബിനറ്റ് എന്നറിയപ്പെടുന്ന എക്‌സിക്യുട്ടീവ് ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹമൂദ് ജിബ്രിലിന്റെ പേരും പരിഗണിക്കപ്പെടാന്‍ ഇടയുണ്ട്. സമിതിയുടെ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുത്ത് വിമതസൈന്യത്തെ നയിച്ചത് ജിബ്രിലാണ്. പരിവര്‍ത്തന സമിതിയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന അലി തര്‍ഹൂനിയാണ് നേതൃത്വത്തിലേക്ക് വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ