2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ല; ആദിവാസികള്‍ക്കായി പാക്കേജ്


അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ല; ആദിവാസികള്‍ക്കായി പാക്കേജ്


തിരുവനന്തപുരം: അട്ടപ്പാടിയിലെ വിവാദ കാറ്റാടി പദ്ധതിക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. ആദിവാസികളുടെ ഭൂമി കൈയേറിയെന്ന് നേരത്തേ യു.ഡി.എഫ് തന്നെ ആരോപിച്ച സുസ്‌ലോണ്‍ കമ്പനിയെ ഒഴിപ്പിക്കാതെ, ലാഭവിഹിതം ആദിവാസികള്‍ക്ക് നല്‍കിക്കൊണ്ടുള്ള പാക്കേജിന് ബുധനാഴ്ച സര്‍ക്കാര്‍ രൂപം നല്‍കി.

പുതിയ പാക്കേജ് അനുസരിച്ച് സുസ്‌ലോണ്‍ കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരംശം ആദിവാസികള്‍ക്ക് നല്‍കും. കമ്പനിയുടെ കാറ്റാടി ഗോപുരങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ ആദിവാസികളെ സര്‍ക്കാര്‍ സഹായിക്കും. ലാഭത്തിന്റെ എത്രശതമാനം ആദിവാസികള്‍ക്ക് നല്‍കണമെന്നതിനെക്കുറിച്ച് ഉടന്‍തന്നെ ഫോര്‍മുല തയ്യാറാക്കും. കൈയേറിയതായി ആരോപണമുള്ള ഭൂമിയുടെ നിജസ്ഥിതി അറിയാന്‍ ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഭൂമി നഷ്ടപ്പെട്ടതായി പറയുന്ന ആദിവാസികളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു പാക്കേജ് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ''അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കൈയേറി സുസ്‌ലോണ്‍ കമ്പനി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചുവെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞതാണ്. എന്നാല്‍ കമ്പനിയില്‍ നിന്ന് ഭൂമി തിരിച്ചെടുത്ത് നല്‍കുന്നതിനു പകരം ആ ഭൂമിയില്‍ നിന്ന് എന്തെങ്കിലും വരുമാനം കിട്ടുന്നതാണ് നല്ലതെന്ന് ആദിവാസികള്‍ പറഞ്ഞു. ബുധനാഴ്ച ആദിവാസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്. ആദിവാസികളുടെ അഭിപ്രായത്തെ സര്‍ക്കാരിന് മാനിച്ചേ തീരൂ. അത് യു.ഡി.എഫ് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടാണ് കാറ്റാടിക്കമ്പനിയുമായി ചേര്‍ന്നുകൊണ്ടുള്ള പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ലാഭവിഹിതത്തിന്റെ നിരക്കിനെക്കുറിച്ച് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. പരമാവധി തുക ആദിവാസികള്‍ക്ക് ലഭിക്കത്തക്കവിധം ഫോര്‍മുല തയ്യാറാക്കും'' - അട്ടപ്പാടി പാക്കേജ് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അട്ടപ്പാടിയില്‍ 645 ഏക്കര്‍ സ്ഥലമാണ് സുസ്‌ലോണ്‍ കമ്പനിയുടെ പേരിലുള്ളത്. മൂന്ന് വില്ലേജുകളിലായാണ് ഈ ഭൂമി. ഈ ഭൂമിയുടെ നല്ലൊരു ഭാഗവും വ്യാജ പ്രമാണങ്ങള്‍ ചമച്ച് കമ്പനി ആദിവാസികളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍, ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കോട്ടത്തറ വില്ലേജില്‍ വ്യാപകമായ കൈയേറ്റം നടന്നിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. 85.5 ഏക്കര്‍ ഭൂമിയാണ് കമ്പനി വ്യാജപ്രമാണത്തിലൂടെ തട്ടിയെടുത്തതെന്നാണ് ആരോപണം. എന്നാല്‍ 124 മുതല്‍ 180 ഏക്കര്‍ വരെ ഭൂമി വ്യാജപ്രമാണങ്ങളിലൂടെ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണമുള്ളതെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആദിവാസികള്‍ക്ക് പ്രശ്‌നംവരുന്ന ഒരുകാര്യവും സര്‍ക്കാര്‍ ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ''ഭൂമിയില്‍ നിന്ന് വരുമാനം കിട്ടത്തക്കവിധം പാക്കേജ് തയ്യാറാക്കണമെന്ന് ആദിവാസികളുടെ പ്രതിനിധികള്‍ യു.പി.എ. അധ്യക്ഷ സോണിയാജിയെ കണ്ടും പറഞ്ഞിരുന്നു. നിങ്ങള്‍ പത്രക്കാര്‍ ഏതുഭാഗത്ത് നിന്നാലും സര്‍ക്കാര്‍ ആദിവാസികളുടെ ഭാഗത്താണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തന്നെയായിരിക്കും. അത് കമ്പനിക്ക് കൈമാറില്ല. ആദിവാസികളുടെ ഭൂമി പാട്ടത്തിന് നല്‍കി വരുമാനമുണ്ടാക്കുന്നതില്‍ തെറ്റില്ല. വ്യാജപ്രമാണം തയ്യാറാക്കി ഭൂമി തട്ടിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംശയത്തിന്റെ ആനുകൂല്യം ആദിവാസികള്‍ക്ക് നല്‍കും''- മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ സുസ്‌ലോണ്‍ ഭൂമി തട്ടിയെടുത്തിട്ടില്ലെന്നും കാറ്റാടികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കമ്പനിയുടേതാണെന്നും സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ