2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഓണം ഒരു വിലാപം

.

ഓണം വരുന്നു. പുത്തന്‍ ചിങ്ങത്തിലെ പുത്തന്‍ ഓണം. പക്ഷേ, പലര്‍ക്കും പഴയ ചിങ്ങവും പഴയ ഓണവും മതി. ഓണക്കാലമായാല്‍ അവര്‍ വിലാപം തുടങ്ങുകയായി. പഴയ ചിങ്ങത്തെ ഓര്‍ത്ത്... പഴയ ഓണത്തെ ഓര്‍ത്ത്... നോക്കൂ...

ഒന്ന്

....നിങ്ങള്‍ക്കറിയുമോ,
അന്നൊക്കെ ഓണത്തുമ്പിയാണ് രാവിലെ എന്നെ വിളിച്ചുണര്‍ത്തുക. എന്തു രസമായിരുന്നു. അപ്പോള്‍ ഞാനും മറ്റൊരു വര്‍ണത്തുമ്പിയായി മാറും.
ഉണര്‍ന്നാല്‍. ബെഡ്‌കോഫിപോലും കഴിക്കാതെ, പുറത്തുവന്ന് ഓണപ്പുലരി കണ്ടിരിക്കും. എല്ലാം മറന്നുള്ള ഇരിപ്പ്. പിന്നെ കുറച്ചുനേരം ഓണവെയില്‍ കായും. അന്നത്തെ ഓണവെയിലിന് എന്തു നിറവും ചന്തവുമായിരുന്നു. എടുത്ത് ഞൊറിഞ്ഞ് പുടവയായി ഉടുക്കാന്‍ തോന്നും.
ഓണവെയിലിനാണോ നിലാവിനാണോ ഏറെ ഭംഗി എന്നാലോചിച്ച് രസിക്കലായിരുന്നു എന്റെ ഓണക്കാല ഹോബി.
...അന്ന്, കാടും മേടും താണ്ടി സഹ്യപര്‍വതസാനുവില്‍ച്ചെന്നാണ് ഞങ്ങള്‍ പൂക്കള്‍ പറിക്കുക. ഞങ്ങളുടെ പൂവിളി പൊള്ളാച്ചിയില്‍ വരെ കേള്‍ക്കുമായിരുന്നു...
ഇന്ന്, ഞാനിരിക്കുന്ന കസേരയ്ക്കടുത്തും ജനാലയ്ക്കരികിലും ചട്ടിയില്‍വിരിഞ്ഞ പൂക്കള്‍... ഇല്ല... ഇല്ല... ഈ പൂക്കള്‍ക്കൊന്നിനും അന്നത്തെ ഒരു മൊട്ടിന്റെ ഭംഗിപോലുമില്ല. അന്ന് പൂക്കള്‍ വിരിഞ്ഞുനിന്നത് എന്റെ ഹൃദയത്തിലായിരുന്നുവല്ലോ...

രണ്ട്

പണ്ട്, ഓണക്കാലത്ത്, സന്ധ്യ കഴിഞ്ഞാല്‍ തെക്കിനിയിലൂടെ ഇറങ്ങി വടക്കെത്തൊടിയില്‍ച്ചെന്ന് കിഴക്കോട്ടുനോക്കിയിരിക്കും. ഓണനിലാവ് കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ടാകും. നിലാവില്‍ മേല്‍കഴുകും. ചിലപ്പോള്‍ മുങ്ങിക്കുളിക്കും. പിന്നെ കൈക്കുടന്നയില്‍ കോരിക്കുടിക്കും...
ഒരോണക്കാലത്ത് ഇലയില്‍ പാലടപ്രഥമന്‍ വിളമ്പുമ്പോള്‍, വല്യോപ്പോള്‍ കളിയാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു... 'അവള്‍ക്ക് നിലാവ് കുടിച്ച് വയര്‍ നിറഞ്ഞുകാണും.'
പിന്നൊരിക്കല്‍ ഉത്രാടപ്പാച്ചിലിനിടയില്‍ ചേച്ചിയുമായി കൂട്ടിമുട്ടി ഞാന്‍ നടുമുറ്റത്തു വീണു...
ഇന്ന് ഉത്രാടമുണ്ടോ, പാച്ചിലുണ്ടോ, വീഴാന്‍ നടുമുറ്റമുണ്ടോ?
ഇവിടെ ഞാനും മുന്നില്‍ വിഡ്ഢിപ്പെട്ടിയും മാത്രം. ചിലപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കും. ആരാണ് വിഡ്ഢി? പെട്ടിയോ ഞാനോ?

മൂന്ന്

ഇത് അക്കേഷ്യ. ഇന്നിന്റെ മരം. ഇതിന്റെ ഇത്തിരി നിഴലിലിരുന്ന്, പ്രിയസുഹൃത്തേ, ഞാന്‍ ചോദിക്കട്ടെ,
ഇത് ഓണമാണോ, അതോ ഓണം ബംബറോ?
രണ്ടാഴ്ച ഞാന്‍ അലഞ്ഞു. കാല്‍നടജാഥക്കാരനെപ്പോലെ...
തുമ്പയെവിടെ? തുമ്പിയെവിടെ? തൂമ്പയെവിടെ? ചെത്തിയെവിടെ? ചെമ്പരത്തിയെവിടെ? കണ്ണാന്തളിയെവിടെ? രാമന്തളിയെവിടെ? മുക്കുറ്റിയെവിടെ? മുക്കൂട്ടുതായെവിടെ? ഓണത്തല്ലെവിടെ? വില്ലെവിടെ? വെച്ചൂര്‍ പശുവും കിടാവും എവിടെ? മാവേലിയെവിടെ? (സ്‌റ്റോറിലുണ്ട്!).
അറിയാം സുഹൃത്തേ, താങ്കള്‍ക്കൊന്നിനും ഉത്തരമില്ലെന്ന്.
താങ്കള്‍ക്ക് കൊണ്ടുവരാന്‍ കഴിയുമോ?
എന്റെ പഴയ ഓണത്തെ, ഓണക്കോടിയെ...
ഞാന്‍ പോകട്ടെ... എനിക്കൊന്നു കരയണം; ഏതെങ്കിലും ഓണംകേറാമൂലയില്‍ച്ചെന്നിരുന്ന്...

നാല്

കഥാകൃത്ത്: ഒരാഴ്ചയായി ഗൃഹാതുരത്വം പിടിച്ച് കിടപ്പിലായിരുന്നു; വല്ലാത്ത ക്ഷീണം...
സുഹൃത്ത്: എന്തുപറ്റി?
കഥാകൃത്ത്: വിശേഷിച്ചൊന്നുമില്ല. ചിങ്ങം പിറന്നാല്‍ എനിക്കീ അസുഖം പതിവാണ്. ഇത്തവണ അല്പം കലശലായെന്നുമാത്രം.
സുഹൃത്ത്: പുതിയ കഥയൊന്നും...
കഥാകൃത്ത്: അവസാനത്തേത് ഇപ്പോള്‍ തീര്‍ത്തതേയുള്ളു. ഓണക്കാലത്ത് പത്ത് കഥകളാണ് എന്റെ കണക്ക്. അത്തം പത്തോണം എന്നല്ലേ പഴമക്കാര്‍ പറയുക... ഇത്തവണ രണ്ട് മിനിക്കഥ കൂടിയെഴുതി.
സുഹൃത്ത്: ശരിക്കും 'കഥാകാലം'തന്നെ...
കഥാകൃത്ത്: അതെ, കാലക്ഷേപവും. എന്തുചെയ്യാനാണ്. ഓണപ്പതിപ്പുകാര്‍ക്കൊക്കെ എന്റെ കഥ അവശ്യവസ്തുവാണ്. കൊടുത്തില്ലെങ്കില്‍ പിണങ്ങും... ഓണക്കാലം എനിക്കിപ്പോള്‍ ആത്മപീഡനക്കാലമാണ്. ഞാന്‍ കഥ എഴുത്ത് തുടങ്ങിയിട്ടില്ലാത്ത പണ്ടത്തെ ഓണക്കാലം. അന്നെന്തു സുഖവും സ്വസ്ഥതയുമായിരുന്നു...

അഞ്ച്

എല്ലാവരും ചോദിക്കുന്നു, ഓണവും പുരുഷമേധാവിത്വവും തമ്മില്‍ ബന്ധമുണ്ടോ എന്ന്. ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. ഓണം പുരുഷാധിപത്യത്തിന്റെ പ്രതീകം തന്നെ. മാവേലി, ഓണത്തപ്പന്‍... എല്ലാം പുരുഷസങ്കല്പങ്ങളല്ലേ...
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഓണം അത്ര സുഖമുള്ള കാര്യമൊന്നുമല്ല. എന്ത് തിരക്കാണ്. ശ്വാസം മുട്ടും. തുമ്പപ്പൂ പറിക്കണം, പിന്നെ തുമ്പപ്പൂ ചോറുവെക്കണം. കസവുപുടവയുടുത്ത് മലയാളമങ്കയാകണം. തുമ്പിതുള്ളണം, ഊഞ്ഞാലാടണം...
പുരുഷ•ാര്‍ക്കോ? ഓണസ്സദ്യ ഉണ്ണണം, ഓണപ്പതിപ്പ് ഇരുന്നും കിടന്നും വായിക്കണം. ഇത് വിവേചനമല്ലെങ്കില്‍ മറ്റെന്താണ്? ഇങ്ങനത്തെ പുരുഷഓണവും ആഘോഷവും വേണ്ടെന്നുതന്നെയാണ് ഞങ്ങളുടെ പക്ഷം. കുറേ കൂടുതല്‍ നേരം അടുക്കള നിരങ്ങാമെന്നല്ലാതെ ഓണംകൊണ്ട് ഞങ്ങള്‍ക്കെന്തു നേട്ടം...
ഒന്നോര്‍ത്തോളൂ. ഇനിയങ്ങനെ തുമ്പിതുള്ളിക്കാനും ഊഞ്ഞാലാടിക്കാനുമൊന്നും ഞങ്ങളെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട.

പിന്‍കുറിപ്പ്:

ചോദ്യം: എന്തെങ്കിലുമുണ്ടോ, ഓണത്തിന് തുല്യമായി?
ഉത്തരം: ഉണ്ടല്ലോ... ഓണപ്പതിപ്പ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ